ഡൽഹിയിലെ എംബസിക്ക് സമീപം സ്‌ഫോടനം: യാത്രാ നിർദ്ദേശവുമായി ഇസ്രയേൽ

ഇന്നലെ വൈകുന്നേരമാണ് കോൺസുലേറ്റിന് സമീപം സ്ഫോടനം നടന്നതെന്ന് ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്തെ നയതന്ത്ര മേഖലയായ ചാണക്യപുരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എംബസിക്ക് പിന്നിൽ സ്‌ഫോടനം നടന്നന്നുള്ള വിവരം അജ്ഞാതൻ വഴിയാണ് ഡൽഹി പോലീസ് അറിയുന്നത്.

0
225

ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പൗരന്മാർക്ക് യാത്രാ നിർദ്ദേശവുമായി ഇസ്രയേൽ. ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്‌ഫോടനം ഒരു ഭീകരാക്രമണം ആയിരിക്കാമെന്നും കൗൺസിൽ പറഞ്ഞു.

ന്യൂഡൽഹിയിലെ ചാണക്യപുരി നയതന്ത്ര എൻക്ലേവിലെ ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സ്ഫോടനം ഉണ്ടായത്. “വൈകിട്ട് 5:48 ഓടെ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഞങ്ങൾ സ്ഥിരീകരിച്ചു. ഡൽഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്”, ഇസ്രയേൽ എംബസി വക്താവ് ഗൈ നിറിനെ (Guy Nir) ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

തിരക്കേറിയ സ്ഥലങ്ങളിലും ജൂതന്മാരും ഇസ്രയേലികളും കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും ഇസ്രയേലി പൗരന്മാർക്ക് നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ (റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പബ്ബുകൾ മുതലായവ ഉൾപ്പെടെ) അതീവ ജാഗ്രത പുലർത്താനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രയേലി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമല്ലാത്ത വലിയ തോതിലുള്ള പരിപാടികളിൽ പങ്കെടുക്കാതിരിക്കുക, യാത്രാവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കുക, തത്സമയം സന്ദർശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും ഒഴിവാക്കുക എന്നിവയും നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.

ഇന്നലെ വൈകുന്നേരമാണ് കോൺസുലേറ്റിന് സമീപം സ്ഫോടനം നടന്നതെന്ന് ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്തെ നയതന്ത്ര മേഖലയായ ചാണക്യപുരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എംബസിക്ക് പിന്നിൽ സ്‌ഫോടനം നടന്നന്നുള്ള വിവരം അജ്ഞാതൻ വഴിയാണ് ഡൽഹി പോലീസ് അറിയുന്നത്.

വൈകുന്നേരം ആറ് മണിയോടെ ഡൽഹി ഫയർ സർവീസിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. ഇസ്രായേൽ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നതെന്ന് വിളിച്ചയാൾ പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് പോലീസിന്റെ പ്രത്യേക സെൽ സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രദേശത്ത് മൂന്ന് മണിക്കൂറോളം പരിശോധന നടത്തി.