മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസ് തടഞ്ഞുവച്ച വിമാനം നാല് ദിവസത്തിന് ശേഷം ഇന്ത്യയിലെത്തി

പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 25 യാത്രക്കാർ ഫ്രാൻസിൽ അഭയം തേടിയിട്ടുണ്ട്. അവർക്ക് ഇന്ത്യയിലേക്ക് തിരികെ വരാൻ താൽപ്പര്യമില്ലെന്നും വ്യക്തമാക്കി.

0
135

ന്യൂഡൽഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ കസ്റ്റഡിയിലെടുത്ത റൊമാനിയൻ വിമാനം ഇന്ത്യയിലെത്തി. 303 യാത്രക്കാരുമായി ദുബായിൽ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനത്തെയാണ് ഫ്രാൻസ് തടഞ്ഞുവച്ചത്. ഈ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ഇന്ത്യക്കാരായിരുന്നു. യാത്രക്കാരുമായി ഫ്രാൻസിൽ നിന്നും യാത്ര പുനരാരംഭിച്ച റൊമാനിയൻ വിമാനം ചൊവ്വാഴ്ച പുലർച്ചെയോടെ മുംബൈയിൽ എത്തുകയായിരുന്നു.

ഞായറാഴ്ച വിമാനത്തിന് യാത്ര പുനരാരംഭിക്കാൻ ഫ്രഞ്ച് അധികൃതർ അനുമതി നൽകിയതിനെ തുടർന്നാണ് വിമാനം മുംബൈയിലേക്ക് യാത്രതിരിച്ചത്. റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിൻ്റെ കീഴിലുള്ള വിമാനം പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെ മുംബൈയിലെത്തി.

എന്നാൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 25 യാത്രക്കാർ ഫ്രാൻസിൽ അഭയം തേടിയിട്ടുണ്ട്. അവർക്ക് ഇന്ത്യയിലേക്ക് വരുന്നതിൽ എതിർപ്പുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഫ്രാൻസിൽ തങ്ങുന്നത്. ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കിയ മറ്റ് രണ്ട് പേരെ വിട്ടയക്കുകയും അവരെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ നിന്ന് 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാർട്ടർ ഫ്ലൈറ്റ് പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്കുള്ള വാട്രി വിമാനത്താവളത്തിലാണ് തളഞ്ഞു വയ്ക്കപ്പെട്ടത്. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന സംശയത്താലാണ് വിമാനം തടഞ്ഞിട്ടത്. യാത്രക്കാരിൽ 21 മാസം പ്രായമുള്ള കുട്ടിയും പ്രായപൂർത്തിയാക്കാത്ത ഏകദേശം 11 കുട്ടികളും ഉൾപ്പെട്ടിരുന്നു.

ഒരു പ്രത്യേക സംഘം വിമാനം വഴി മനുഷ്യക്കടത്തും നടത്തുന്നു എന്ന അജ്ഞാത സന്ദേശത്തെ തുടർന്നുള്ള പരിശോധനയുടെ ഭാഗമായാണ് വിമാനം ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ ഇറക്കിയത്. അനധികൃത കുടിയേറ്റ സംഘത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ ഫ്രഞ്ച് അധികൃതർ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ തടങ്കൽ ശനിയാഴ്ച 48 മണിക്കൂർ വരെ നീട്ടി. അതേസമയം തങ്ങൾക്ക് വിമാനം വഴിയുള്ള മനുഷ്യക്കച്ചവടത്തിൽ പങ്കില്ലെന്ന് എയർലൈൻ അറിയിച്ചു. ഫ്രാൻസിൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണ് മനുഷ്യ കടത്ത്.