ന്യൂഡൽഹി: കഴിഞ്ഞ 589 ദിവസമായി രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 2022 മെയ് മാസത്തിലാണ് ഇന്ധന വിലയിൽ അവസാനമായി മാറ്റം വന്നത്. അതേസമയം, അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 90 ഡോളർ കടന്നെങ്കിലും പെട്രോളും ഡീസലും വില മാറ്റമില്ലാതെ തുടർന്ന് വരികയായിരുന്നു.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇന്ധന വിലയിൽ മാറ്റം വരാത്തതിന് കാരണമായതെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറിൽ നിന്ന് 79.07 ആയി കുറഞ്ഞ സാഹചര്യത്തിൽ പുതിയ വർഷത്തിൽ ഇന്ധന വിലയിൽ കൂടുതൽ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയും മുന്നിലുണ്ട്.
അന്താരാഷ്ട്ര തലത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയിൽ വിലയിൽ ക്രമാനുഗതമായ ഇടിവുണ്ടായിക്കൊണ്ടിരിക്കുകയാണ്. ബാരലിന് 80 ഡോളറിന് താഴെയാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 2023 ഒക്ടോബർ മാസത്തിലെ അവസാന നാളുകളിൽ ക്രൂഡോയിൽ വിലയിൽ വർദ്ധനവുണ്ടായിരുന്നു. അന്ന് ക്രൂഡോയിൽ വില 90 ഡോളർ കഴിഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ വർഷം ക്രൂഡോയിൽ വില റിക്കോർഡുകൾ തകർത്ത് 100 ഡോളർ കടന്നു. അതിനുശേഷമാണ് വിലയിൽ ക്രമാനുഗതമായ ഇടിവ് അനുഭവപ്പെട്ടത്. അന്താരാഷ്‌ട്ര ക്രൂഡ് വിലയിലെ വ്യതിയാനം രാജ്യത്തെ പെട്രോളിൻ്റയും ഡീസലിൻ്റെയും വിലയെ ബാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.