ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; നിയന്ത്രണങ്ങൾ ഇങ്ങനെ

വൈകീട്ടാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. നാളെയാണ് മണ്ഡലപൂജ.

0
193

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ ഒരു ലക്ഷത്തിലേറെ പേരാണ് ശബരിമല ദർശനം നടത്തിയത്. ഇന്നും ശബരീപീഠം വരെ തീർത്ഥാടകരുടെ നീണ്ട നിരയാണ്. കനത്ത തിരക്ക് കണക്കിലെടുത്ത് പമ്പയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തുന്ന ഘോഷയാത്രയെ ശരംകുത്തിയിൽ, പൊലീസും ദേവസ്വം ബോ‍ർഡും ചേർന്ന് സ്വീകരിക്കും. വൈകീട്ടാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. നാളെയാണ് മണ്ഡലപൂജ.

അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഉള്ള നടപടികൾ ഉറപ്പാക്കാൻ ഹൈകോടതി ഇന്ന് വീണ്ടും പ്രത്യേക സിറ്റിംഗ് നടത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഇടത്താവളങ്ങളിൽ വാഹനനിയന്ത്രണം ഏർപ്പെടുത്തിയുള്ള പൊലീസ് നടപടിക്കിടെ ഇന്നലെ ദേവസ്വം ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകിയിരുന്നു.

ദേവസ്വവും പൊലീസും സ്വീകരിച്ച നടപടികൾ ഇന്ന് ഹൈകോടതിയെ അറിയിക്കും. വഴിയിൽ തടയുന്ന തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവും നൽകുക, ബുക്കിംഗ് ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഡിജിപി ആവശ്യമെങ്കിൽ ഇടപെടുക തുടങ്ങിയ നിർദേശങ്ങളാണ്‌ കോടതി നൽകിയത്.