ഒരേസമയം മൂന്നൂറിലധികം പേർക്ക് പ്രവേശനം: തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വര്‍ക്കലയില്‍

100 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിനുള്ളത്. പാലത്തിൻറെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമായി കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്ഫോമുകളും ഒരുക്കിയിട്ടുണ്ട്.

0
230

തിരുവനന്തപുരം: കടലിലേക്ക് ഇറങ്ങിച്ചെന്ന് കാഴ്ചകള്‍ കാണാനായി തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മാണം പൂർത്തിയായി. വര്‍ക്കലയിലാണ് തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. വർക്കല തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് സജ്ജമാക്കുന്നത്. ക്രിസ്മസ് പുതുവത്സര സമ്മാനമായാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് എത്തിയത്.

100 മീറ്റർ നീളവും 3 മീറ്റർ വീതിയുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിനുള്ളത്. പാലത്തിൻറെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമായി കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്ഫോമുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് കാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉണ്ടാകും.

700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തിൻറെ ഉറപ്പ് നിലനിർത്തിയിരിക്കുന്നത്. 1400 ഓളം ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത് ഉറപ്പിച്ചാണ് ബ്ലോഡിങ് ബ്രിഡ്ജ് നിർമ്മിച്ചത്. പകൽ 11 മണി മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം. കൂടാതെ ബനാന ബോട്ട്, ജിസ്ക്കി സ്പീഡ് ബോട്ട് മുതലായ ബോട്ടുകളും സജ്ജമാണ്. ഉന്നത പരിശീലനം ലഭിച്ചവരുടെ സേവനവും ഉണ്ട്.

കേരളത്തില്‍ വാട്ടര്‍ സ്പോര്‍ട്സിൻ്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ബീച്ച് ടൂറിസം കേരളത്തില്‍ വ്യാപിപ്പിക്കുമെന്നും വാട്ടര്‍ സ്പോര്‍ട്സിനായി ഗോവയേയും തായ്ലന്‍ഡിനേയും ഒക്കെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടില്‍ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം വര്‍ക്കല പാപനാശത്ത് നിര്‍വഹിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു. ഇതിലൂടെ സാധാരണക്കാര്‍ക്കും വാട്ടര്‍ സ്പോര്‍ട്സ് പ്രാപ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്ലോട്ടിങ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൻ്റെ സാമ്പത്തിക അഭിവൃദ്ധിയും തൊഴില്‍ സാധ്യതകളും വര്‍ധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വര്‍ക്കലയില്‍ ടൂറിസം വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ 2024ല്‍ നടപ്പാക്കുമെന്നും വര്‍ക്കലയെ ഇൻ്റര്‍നാഷണല്‍ ഡെസ്റ്റിനേഷനാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.