കരുതിയിരിക്കുക! വിദേശത്ത് ജോലി വാഗ്ദാനം, തട്ടിപ്പുകൾ ഏറെ; കോട്ടയം സ്വദേശി അറസ്റ്റിൽ

തട്ടിപ്പിനിരയാകുന്ന ഒട്ടേറെപ്പേരാണ് പരാതിയുമായി മുന്നോട്ടു പോകുന്നത്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് എൻ ആർ ഐ സെല്ലിൽ മാത്രം ദിവസേന എത്തുന്നത് 25-ലധികം പരാതികളാണ്.

0
190

കോട്ടയം: ഏറ്റുമാനൂരിൽ വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പുങ്കൽ കെഴുവംകുളം സ്വദേശി സണ്ണി തോമസ് എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടൂർ സ്വദേശിയായ മധ്യവയസ്കനാണ് തട്ടിപ്പിനിരയായത്.

മകനും സുഹൃത്തിന്റെ മകനും വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയെടുക്കുകയും വ്യാജമായി ജോബ് വിസയും ഓഫർ ലെറ്ററും ഫ്ലൈറ്റ് ടിക്കറ്റും നിർമ്മിച്ച് അയച്ച് നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ സണ്ണിയെ വയനാട് കണിയാമ്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ എത്ര പേരെ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നും എത്ര പണം തട്ടിയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

വിദേശത്തേയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകളാണ് ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴുന്നത്. തട്ടിപ്പിനിരയാകുന്ന ഒട്ടേറെപ്പേരാണ് പരാതിയുമായി മുന്നോട്ടു പോകുന്നത്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് എൻ ആർ ഐ സെല്ലിൽ മാത്രം ദിവസേന എത്തുന്നത് 25-ലധികം പരാതികളാണ്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നവ വേറെയും. കിട്ടാത്ത വിസയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് മലയാളികൾക്ക് വർഷം തോറും നഷ്ടമാകുന്നത്.

വിസ തട്ടിപ്പ് പരാതികളിൽ വർധന ഉണ്ടായതായും പിന്നിൽ പ്രവർത്തിക്കുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാത്തവരാണെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാട്‌സാപ്പ് വഴിയാണ് ആശയവിനിമയം. അവരുടെ വിവരങ്ങളോ, സ്ഥലമോ, വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ നിജസ്ഥിതിയോ മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു. വിദേശതൊഴിൽ തേടുന്ന വ്യക്തികൾ അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാരുടെ സേവനം മാത്രമേ സ്വീകരിക്കാവൂ.

രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്റുമാരും അപ്രകാരം ലഭ്യമായ ലൈസൻസ് നമ്പർ അവരുടെ ഓഫീസിലും ന്യൂസ് പേപ്പർ, സോഷ്യൽ മീഡിയ തുടങ്ങിയവയിലെ പരസ്യങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണം. വിദേശ തൊഴിൽ ലക്ഷ്യമിടുന്ന വ്യക്തികൾ www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ടിങ് ഏജന്റുമാരെ സംബന്ധിക്കുന്ന നിജസ്ഥിതി പരിശോധിക്കണം.