ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു

തൊമ്മൻകുത്ത് പുഴ ഒഴുകി വരുന്ന സ്ഥലത്ത് കാൽ കഴുകാൻ ഇറങ്ങി. ഈ സമയത്ത് ഇവർ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

0
199

ഇടുക്കി: തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്. തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽവെച്ചാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ക്രിസ്മസ് അവധിയായതിനാൽ തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനായി എത്തിയതായിരുന്നു ഇരുവരും. വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ ലൈഫ് ഗാർഡ് തടഞ്ഞിരുന്നു. തുടർന്ന് ഇവർ വീട്ടിലേക്ക് തിരിച്ചു.

ഇതിനിടെ തൊമ്മൻകുത്ത് പുഴ ഒഴുകി വരുന്ന സ്ഥലത്ത് കാൽ കഴുകാൻ ഇറങ്ങി. ഈ സമയത്ത് ഇവർ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കയത്തിലേക്ക് ഇരുവരും മുങ്ങിത്താഴുകയായിരുന്നു.