‘ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം’ , ക്രിസ്മസിനെ വരവേറ്റ് ലോകം ; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

കേരളത്തിലെ വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേര്‍ന്നു.

0
214

യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്തുമസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രിസ്തുമസ് ആയി ആഘോഷിക്കുന്നത്. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്. ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശുദേവൻ പിറന്നതിന്‍റെ ഓര്‍മയിലാണ് വിശ്വാസികള്‍. സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവന്‍റെ പുല്‍ക്കൂട്ടിലെ ജനനം. ഓരോ ക്രിസ്തുമസും ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് ‘. പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്.

25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചു കൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ടൈഡിലെ ആദ്യത്തെ ആരാധനക്രമമാണ് പാതിര കുര്‍ബാന. യേശുവിന്റെ ജനനത്തോടുള്ള ആദര സൂചകമായി നടത്തുന്ന കുര്‍ബാനയാണിത്.

കേരളത്തിലെ വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു- എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.