ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്; ഇന്നലെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

മണ്ഡലപൂജയോട് അനുബന്ധിച്ച് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അറിയിപ്പിൽ പറയുന്നു.

0
216

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെ 100969 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില്‍ ദര്‍ശനം നടത്തി.

ശബരിമലയിൽ തിരക്ക് തുടരുകയാണ്. തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ടിവരുന്നു. അതിനിടെ, ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പമ്പയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മണ്ഡലപൂജയോട് അനുബന്ധിച്ച് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അറിയിപ്പിൽ പറയുന്നു.

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാൻ കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കണം.

ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്, കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടും. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ടാകും. ഉടൻ തന്നെ ഈ സൗകര്യം നടപ്പിലാക്കാൻ ദേവസ്വം പൊതുമരാമത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്.