ലൈംഗികതിക്രമം; 25 കാരനെ കുട്ടികൾ കൊന്നു

കൊല്ലപ്പെട്ട ആസാദ് എന്ന യുവാവ് തങ്ങളിൽ ഒരാളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പിടിയിലായവർ പറയുന്നത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മൂവരും ചേർന്ന് ഇയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

0
264

ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ദില്ലി നിസാമുദ്ദീനിലാണ് 25കാരൻ കൊല്ലപ്പെട്ടത്. ഇയാളെ കുട്ടികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിസാമുദ്ദീൻ ബസ്തി നിവാസികളാണ് കൊല നടത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. ഇയാളുടെ മുഖം കല്ലുകൊണ്ട് വികൃതമാക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശരീരത്തിന് തീകൊളുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളായ രണ്ട് 16 വയസുകാരെയും 17 വയസുകാരനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആസാദിനെ തങ്ങൾ കൊലപ്പെടുത്തിയെന്നും മൃതദേഹം ഖുസ്രോ പാർക്കിലാണെന്നും മൂവരും പൊലീസിനോട് വെളിപ്പെടുത്തി. പാതി കത്തിക്കരിഞ്ഞ മൃതദേഹം കിടക്കുന്ന സ്ഥലത്ത് പൊലീസ് എത്തി. ക്രൈം ആൻഡ് ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട ആസാദ് എന്ന യുവാവ് തങ്ങളിൽ ഒരാളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പിടിയിലായവർ പറയുന്നത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മൂവരും ചേർന്ന് ഇയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മരിച്ചയാളുടെ തെളിവുകളും ഐഡന്റിറ്റിയും നശിപ്പിക്കാൻ ഉണങ്ങിയ പുല്ലും വസ്ത്രങ്ങളും ഉപയോഗിച്ച് മൃതദേഹം കത്തിക്കാൻ പ്രതികൾ ശ്രമിച്ചതായും ഡി സി പി പറഞ്ഞു.

കൊലക്ക് ഉപയോ​​ഗിച്ച കത്തി, കല്ലുകൾ, മരത്തടി എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.