ഹിജാബ് നിരോധനം: ആഴത്തില്‍ പരിശോധിച്ച ശേഷം നടപടിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണ്. പ്രധാനമന്ത്രി മോദിയുടെ 'സബ് കാ സാത്ത്, സബ് കാ വികാസ്' വ്യാജമാണ്. വസ്ത്രം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ബി ജെ പി ജനങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണ്.

0
195

ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം ആഴത്തില്‍ പരിശോധിച്ച ശേഷം നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കും. ഞങ്ങള്‍ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞു കഴിഞ്ഞു. ഇത് ആഴത്തില്‍ പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ജി പരമേശ്വര വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ച ഉത്തരവ് തന്റെ സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെ കര്‍ണാടകയില്‍ രാഷ്ട്രീയ സംഘര്‍ഷം ആരംഭിച്ചിരുന്നു. ഡിസംബര്‍ 22ന് നടന്ന ഒരു പൊതുയോഗത്തിലായിരുന്നു പ്രസ്താവന.

‘വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒരാളുടെ സ്വന്തം അവകാശമാണ്. ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി മോദിയുടെ ‘സബ് കാ സാത്ത്, സബ് കാ വികാസ്’ വ്യാജമാണ്. വസ്ത്രം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ബി ജെ പി ജനങ്ങളെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണ്.’, മുഖ്യമന്ത്രി വിമര്‍ശിച്ചു. ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സിദ്ധരാമയ്യ പറഞ്ഞു. ഈ പരാമര്‍ശം കര്‍ണാടക ബിജെപിയില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഉണ്ടാക്കിയത്.

ഈ വര്‍ഷം ഒക്ടോബറില്‍ ഹിജാബ് നിരോധന ഉത്തരവ് പിന്‍വലിക്കുമെന്ന് സർക്കാർ സൂചന നല്‍കിയിരുന്നു. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയായിരുന്നു സര്‍ക്കാരിന്റെ നീക്കം. കർണാടകയിലെ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബുകൾക്ക് നിരോധനമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകറാണ് വ്യക്തമാക്കിയത്.