സംസ്ഥാനത്ത് നാല് പേർക്ക് കൂടി ജെഎൻ 1; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് ബാധിച്ച് രോ​ഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെ എൻ 1-ന്റെ രോ​ഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്.

0
169

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്കുകൂടി പുതിയ കോവിഡ് വകഭേദം ജെ എൻ 1 സ്ഥിരീകരിച്ചു. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ് ജെ എൻ 1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറെയും ജെ എൻ 1 വകഭേദമാണെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെ എൻ 1 സ്ഥിരീകരിച്ചത്. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്സ് ബി ബി അടക്കമുള്ള വകഭേദങ്ങളേക്കാൾ ജെ എൻ 1 വകഭേദം വളരെ വേ​ഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

കോവിഡ് ബാധിച്ച് രോ​ഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെ എൻ 1-ന്റെ രോ​ഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.

അതേസമയം രാജ്യത്ത് 656 പുതിയ കോവിഡ് -19 കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,420ൽ നിന്ന് 3,742 ആയി വർദ്ധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.