എടിഎം മെഷീൻ കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമം; ഒരാൾ പിടിയിൽ

എ ടി എമ്മിൽ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

0
184

കൊച്ചി: കമ്പിപ്പാര ഉപയോ​ഗിച്ച് എടിഎം കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമം. കേസിൽ ഒരാൾ പിടിയിൽ. എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കൽ വീട്ടിൽ സുഭാഷ് (48) ആണ് അറസ്റ്റിലായത്. . ഞായർ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടക്കുന്നത്.

മാർത്തോമ സിറ്റി ഭാഗത്ത് പ്രവർത്തിക്കുന്ന ഇടമലയാർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ ടി എമ്മിൽ നിന്നാണ് സുഭാഷ് പണം അപഹരിക്കാൻ നോക്കിയത് . എ ടി എമ്മിൽ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എന്നാൽ ശ്രമം പാളിയത്തോടെ ഇയാൾ കടന്നു.

ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് കുട്ടമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതിയെ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് നിന്ന് ഞായർ രാവിലെ തന്നെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.