‘ നയൻതാരയ്ക്ക് മാധ്യമങ്ങൾ അലർജിയോ’ ? തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു

ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയം വലിയ തോതിൽ വാർത്തയാവുകയും, നിരന്തരം ഇത് മാധ്യമങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നയൻതാര മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കാൻ തുടങ്ങിയത്

0
299

തമിഴകത്ത് കൈ നിറയെ അവസരങ്ങളുമായി കരിയറിൽ മുന്നേറുകയാണ് നയൻതാര. 39 കാരിയായ നടി ഇന്നും താരമൂല്യത്തിൽ മുൻപന്തിയിലാണ്. 10 കോടി രൂപ പ്രതിഫലം വാങ്ങാൻ മാത്രം ബോക്സ് ഓഫീസ് മൂല്യമുള്ള തമിഴകത്തെ ഏക നടി നയൻതാരയാണ്. ജവാൻ എന്ന സിനിമയ്ക്ക് ശേഷം ബോളവുഡിൽ നിന്നും അവസരങ്ങൾ വന്നെങ്കിലും നടി ഇതുവരെ മറ്റൊരു ബോളിവുഡ് ചിത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. തമിഴിലും തെലുങ്കിലും ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്നപൂർണിയാണ് നയൻതാരയുടെ പുതിയ ചിത്രം.

അതേസമയം, കരിയറിൽ തിളങ്ങി നിൽക്കുന്നുണ്ടെങ്കിലും നയൻ താരയ്ക്ക് വിവാദങ്ങളിൽ നിന്നും ഒരു മോചനമില്ല. ഒന്നും ചെയ്യാതെ വീട്ടിലിരുന്നാലും തന്നെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ വരാറുണ്ടെന്ന് നയൻതാര മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ട്. വിവാദങ്ങൾ ഒഴിയാതെ നിൽക്കുന്ന നയൻതാര മാധ്യമങ്ങളുമായി എപ്പോഴും അകൽച്ച പാലിച്ചെ നിൽക്കാറുള്ളൂ. സിനിമാ പ്രൊമോഷനുകളിൽ നിന്നും മാറി നിൽക്കുന്ന നയൻതാര മാധ്യമങ്ങൾ തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതിനെ ശക്തമായി എതിർക്കാറുണ്ട്.

ഇപ്പോഴിതാ നയൻതാരയ്ക്ക് മാധ്യമങ്ങളോടുള്ള അകൽച്ചയെക്കുറിച്ച് സീനിയർ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയം വലിയ തോതിൽ വാർത്തയാവുകയും, നിരന്തരം ഇത് മാധ്യമങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നയൻതാര മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കാൻ തുടങ്ങിയത് എന്നാണ് ചെയ്യാറു ബാലും പറയുന്നത്. നയൻതാരയുടെ വിവാഹക്കാര്യം അറിയിച്ച് കൊണ്ടുള്ള പ്രസ് മീറ്റിലുണ്ടായ സംഭവവും ചെയ്യാറു ബാലു വെളിപ്പെടുത്തി. നയൻതാരയുടെ വിവാഹക്കാര്യം പറയുന്ന പ്രസ്മീറ്റിൽ ഇന്ത്യയൊട്ടുക്കുമുള്ള മാധ്യമങ്ങൾ വരുമെന്ന വിഷയം അറിയാം. പക്ഷെ ഒരു ചെറിയ റൂമിലാണ് പത്രസമ്മേളനം വിളിച്ചത്. വന്ന മാധ്യമപ്രവർത്തകരെല്ലാം തിങ്ങി ഞെരുങ്ങി. പലരും ഭക്ഷണം കഴിച്ചില്ല. പല മാധ്യമങ്ങളും ദേഷ്യപ്പെട്ട് പുറത്ത് പോയി. വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നു, പക്ഷെ വരരുത് എന്നാണ് നയൻതാര അർത്ഥമാക്കിയതെന്നും ചെയ്യാറു ബാലു തുറന്നടിച്ചു.

നയൻതാരയുടെ ഷൂട്ടിം​ഗ് ഇല്ലാത്ത സമയത്താണ് ഷൂട്ടിം​ഗ് സ്പോട്ടിലേക്ക് പ്രസിനെ വിളിക്കുക. പിന്നീട് ബോസ് എങ്കിര ഭാസ്കരൻ എന്ന സിനിമയ്ക്കിടെയാണ് നയൻതാര മാധ്യമങ്ങളെ കാണാൻ തയ്യാറായതെന്നും ചെയ്യാറു ബാലു പറയുന്നു. നയൻതാര ഷൂട്ടിം​ഗ് സ്പോട്ടിൽ ഉള്ളത് അറിയാതെ പതിമൂന്നോളം പേർ അവിടെ എത്തി. ഉള്ളിൽ നയൻതാര ഇരിക്കുന്നുണ്ട്. കൂട്ടത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനെ കണ്ടപ്പോൾ നയൻതാര അനു​ഗ്രഹം തേടി കാലിൽ വീണു. മീഡിയക്കും എനിക്കും പ്രശ്നങ്ങൾ ഉണ്ടെങ്കിലും തമിഴിൽ ആദ്യം നിങ്ങളാണ് എന്റെ അഭിമുഖമെടുത്തത് എന്ന് അദ്ദേഹത്തോട് നയൻതാര പറഞ്ഞു. അന്ന് സിനിമാ സംബന്ധമായ കാര്യങ്ങൾ മാത്രം നയൻതാരയോട് മാധ്യമപ്രവർത്തകർ ചോദിച്ചു. വളരെ സന്തോഷം, ഞാൻ കാരണം എന്തെങ്കിലും പ്രശ്നമുണ്ടായെങ്കിൽ മനസിൽ വെക്കരുതെന്ന് പറഞ്ഞാണ് നയൻതാര പോയതെന്നും ചെയ്യാറു ബാലു ഓർത്തു. എന്നാൽ പിന്നീടും നയൻതാരയും മാധ്യമങ്ങളും തമ്മിൽ അകൽച്ച തുടർന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.