നായ കുരച്ചതിനെ ചൊല്ലി തര്‍ക്കം ; യുവാവ് വൃദ്ധയെ ചവിട്ടിക്കൊന്നു

നായയുടെ കുരയെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ 35 കാരനായ പ്രതി വൃദ്ധയുടെ അടിവയറ്റിൽ ചവിട്ടുകയായിരുന്നു.

0
181

ഇന്‍ഡോര്‍: വളര്‍ത്തു നായയുടെ കുരയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു. ഇവരുടെ വളര്‍ത്തു നായ യുവാവിനെ നോക്കി തുടര്‍ച്ചയായി കുരച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത് . മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടക്കുന്നത്. കൊലപാതക കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി മുസാഖേദി മേഖലയിലാണ് സംഭവം. ശാന്തി നഗർ സ്വദേശിയായ പ്രതി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു നായ തുടർച്ചയായി പ്രതിയെ നോക്കി കുരയ്ക്കാൻ തുടങ്ങി. ഇതോടെ പ്രതി രോഷാകുലനായി. ശബ്ദം കേട്ട് നായയുടെ ഉടമയായ വൃദ്ധ വീട്ടിൽ നിന്ന് ഇറങ്ങിവന്നു. നായയുടെ കുരയെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ 35 കാരനായ പ്രതി വൃദ്ധയുടെ അടിവയറ്റിൽ ചവിട്ടുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടി വൃദ്ധയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആസാദ്‌ നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു.