മന്ത്രിസഭയിൽ മുഖംമാറ്റം: പുനഃസംഘടന തീരുമാനിക്കാൻ എൽഡിഎഫ് യോഗം ഇന്ന്

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകാൻ സാധ്യത.

0
99

തിരുവനന്തപുരം: മന്ത്രിസഭാ കാലാവധി രണ്ടരവർഷം പിന്നിടുമ്പോൾ പുനഃസംഘടനയുടെ ചര്‍ച്ചകളിലേക്ക് എൽ ഡി എഫ് കടക്കുന്നു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ചര്‍ച്ചയാകും. മുന്നണിയിൽ ഒറ്റ എം എൽ എ മാത്രമുള്ള നാല് പാര്‍ട്ടികൾ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളിൽ മാറ്റം വരുത്തുക.

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകാൻ സാധ്യത. സത്യപ്രതിജ്ഞാ തീയതിയിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയാൽ നടക്കേണ്ട പുനഃസംഘടന നീണ്ടുപോയത് നവ കേരള സദസ് മൂലമായിരുന്നു.

എൽഡിഎഫ് ധാരണ പ്രകാരം മന്ത്രിസഭ രണ്ട വര്‍ഷം പൂര്‍ത്തിയാക്കി നവംബര്‍ 20 നായിരുന്നു പുനഃസംഘടന നടക്കേണ്ടിയിരുന്നത്. എന്നാൽ നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും നവ കേരള സദസ് പര്യടനത്തിന് ഇറങ്ങാൻ തീരുമാനിച്ചതാണ് പുനഃസംഘടന നീളാൻ കാരണമായത്.

ഇന്നലെയാണ് നവ കേരള സദസ് അവസാനിച്ചത്. പുനഃസംഘടന നവ കേരള സദസിന് മുൻപ് നടത്തണമെന്ന് കേരളാ കോൺഗ്രസ് ബി മുന്നണിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മറിച്ചായിരുന്നു.