തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര സർവീസുകൾ ഡൊമസ്റ്റിക് ടെർമിനനിലേക്ക് മാറ്റണമെന്ന് ആവശ്യം

അന്താരാഷ്ട്ര ടെർമിനൽ നിന്നുള്ള ആഭ്യന്തര സർവീസുകൾ ശംഖുമുഖത്തെ ഡൊമസ്റ്റിക് ടെർമിനനിലേക്ക് മാറ്റണമെന്ന ആവശ്യമാണ് കസ്റ്റംസിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

0
125

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിൽ നിന്നുള്ള ആഭ്യന്തര സർവീസുകളിൽ എതിർപ്പറിയിച്ച് കസ്റ്റംസ്. അന്താരാഷ്ട്ര ടെർമിനൽ നിന്നുള്ള ആഭ്യന്തര സർവീസുകൾ ശംഖുമുഖത്തെ ഡൊമസ്റ്റിക് ടെർമിനനിലേക്ക് മാറ്റണമെന്ന ആവശ്യമാണ് കസ്റ്റംസിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

അന്താരാഷ്ട്ര ടെർമിനലിൽ വിദേശ യാത്രക്കാരും ആഭ്യന്തര യാത്രക്കാരും ഒരുപോലെ വന്നിറങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് കസ്റ്റംസിൻ്റെ ആവശ്യമെന്നാണ് റിപ്പോർട്ട്. ശംഖുമുഖത്തെ ഡൊമസ്റ്റിക് ടെർമിനനിലേക്ക് ആഭ്യന്തര സർവീസുകൾ മാറ്റുന്നതോടെ വിദേശ യാത്രക്കാരും ആഭ്യന്തര യാത്രക്കാരും ഒരുപോലെ എത്തുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും. എന്നാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശംഖുമുഖത്തെ ഡൊമസ്റ്റിക് ടെർമിനനിലേക്ക് ഏകദേശം ആറ് കിലോമീറ്ററിലധികം ദൂരമുണ്ട്.

അന്താരാഷ്ട്ര ടെർമിനലിൽ വിദേശ യാത്രക്കാരുമായി കൂടിക്കലരാത്തവിധം ആഭ്യന്തര യാത്രക്കാർക്ക് വേണ്ടിയുള്ള പ്രത്യക മേഖല അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന് നിർദേശം സമർപ്പിച്ചതായി അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞു. നിർദേശത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിൽ നിന്നുള്ള ആഭ്യന്തര സർവീസുകൾ മാറ്റാനുള്ള നിർദേശമുണ്ടായാൽ കൂടുതൽ തിരിച്ചടി നേരിടേണ്ടിവരിക എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന ആഭ്യന്തര സർവീസുകൾക്കായിരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസുകൾ നടത്തുന്നത്. കസ്റ്റംസ് അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് തിരിച്ചടിയാകും. ഡൊമസ്റ്റിക് ടെർമിനലിൽ ആവശ്യമായ ഗ്രൗണ്ട് സ്റ്റാഫോ മറ്റ് സംവിധാനങ്ങൾ ഇല്ല എന്നതാണ് എയർ ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.