‌കേരള-കർണാടക യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല ; തീരുമാനം കൊവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ

കേരളത്തിന്‍റെയും മഹാരാഷ്ട്രയുടെയും അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണം ശക്തമാക്കും

0
212

ബംഗളുരു: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാ​ഗമായി ബംഗളുരുവില്‍ ഉള്‍പ്പെടെ കർണാടകയില്‍ കടുത്ത നിയന്ത്രണങ്ങൽ ഉണ്ടായിരിക്കില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല. എന്നാൽ കേരളത്തിന്‍റെയും മഹാരാഷ്ട്രയുടെയും അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണം ശക്തമാക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കർണാടകയിൽ 105 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. പുതിയതായി 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ടെസ്റ്റിന്‍റെ നിരക്ക് കൂട്ടാനും യോ​ഗത്തിൽ ധാരണയായി. മുതിർന്ന പൗരൻമാർക്ക് മാസ്ക് നിർബന്ധമെന്ന ചട്ടം തുടരും. സ്കൂളുകൾക്ക് നിലവിൽ അവധിയായതിനാൽ പിന്നീട് സാഹചര്യം പരിശോധിച്ച് നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ നടപ്പാക്കും.

അതേസമയം, രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ 2997 ആക്ടീവ് കേസുകളിൽ 2606 കേസുകളും കേരളത്തിലാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പുറമെ കോട്ടയത്തും രോഗികളുടെ എണ്ണം ഉയരുന്നതായാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്.