ജമ്മു കശ്മീർ ഭീകരാക്രമണം: മരണം അഞ്ചായി

പൂഞ്ച് ജില്ലയിലെ സായുധ പോലീസ് യൂണിറ്റിന്റെ വളപ്പിനുള്ളിൽ ബുധനാഴ്ച സ്‌ഫോടനം നടന്നിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) വിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

0
172

ലക്നൌ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം അഞ്ചായി. ആയുധധാരികളായ ഭീകരർ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് ആക്രമണമുണ്ടായത്.

കൊടും വളവുകളും കുണ്ടുംകുഴിയുമുള്ള റോഡും കാരണം സൈനിക വാഹനങ്ങൾ വേഗത കുറച്ച് പോകുന്ന പ്രദേശമാണ് ആക്രമണത്തിനായി ഭീകരർ തിരഞ്ഞെടുത്തത്. ഇതിനായി ധേര കി ഗലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർ എന്ന കുന്നിൻ മുകളിലാണ് ഭീകരർ നിലയുറപ്പിച്ചത്. അവിടെ നിന്നാണ് സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തതെന്നും വൃത്തങ്ങൾ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.

ഒരു ട്രക്കും ഒരു മാരുതി ജിപ്‌സിയുമാണ് ആക്രമിക്കപ്പെട്ട വാഹനങ്ങൾ. മൂന്നോ നാലോ ഭീകരർ പതിയിരുന്നുള്ള ആക്രമണത്തിൽ പങ്കെടുത്തതായി കരുതുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിനെതിരെ സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും ഭീകരർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതായി വൃത്തങ്ങൾ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹാർഡ് ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായി ഒരു പ്രതിരോധ വിഭാഗം പിആർഒ പിടിഐയോട് പറഞ്ഞു.

പൂഞ്ച് ജില്ലയിലെ സായുധ പോലീസ് യൂണിറ്റിന്റെ വളപ്പിനുള്ളിൽ ബുധനാഴ്ച സ്‌ഫോടനം നടന്നിരുന്നു. ഡിസംബർ 19 നും 20 നും ഇടയിൽ രാത്രി സുരൻകോട്ട് പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ കോമ്പൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ചില്ലുകൾ തകർന്നതായും അധികൃതർ പറഞ്ഞു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) വിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.