‘പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ല’: കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിലും എത്രയോ മടങ്ങ് കൂടുതലാണ് ഈ പ്രദേശങ്ങളിൽ ലഭിച്ച മഴ. മഴയുടെ ആദ്യ ദിവസം മാത്രം കനത്ത മഴയുണ്ടാകുമെന്ന പ്രവചനമാണ് ഐഎംഡിയുടെ ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

0
164

ചെന്നൈ: കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ നാശ നഷ്ടങ്ങൾക്ക് കേന്ദ്ര സർക്കാർ മതിയായ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാടിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ് പല പ്രദേശങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ ഘട്ടം അതിജീവിക്കാൻ കേന്ദ്ര സഹായം ആവശ്യമാണെന്നും എന്നാൽ അവഗണനയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ തമിഴ്നാടിന് കൂടുതൽ ഫണ്ട് അനുവദിക്കാതെ വന്നതോടെ ജനങ്ങളുടെ ക്ഷേമത്തിനും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ സ്വന്തം ഫണ്ട് ഉപയോഗിക്കുന്നു.” ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കേന്ദ്രം സംസ്ഥാനത്തിന് കൂടുതൽ തുക അനുവദിച്ചിട്ടില്ലെന്നും, അനുവദിച്ച 450 കോടി രൂപ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് കേന്ദ്രം നൽകാനുള്ള ഫണ്ടിന്റെ രണ്ടാം ഗഡുവാണെന്നും സ്റ്റാലിൻ ആരോപിച്ചു.

സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്തുന്നതിനും കൂടുതൽ കേന്ദ്രസഹായം തേടുന്നതിനുമായി മുഖ്യമന്ത്രി ബുധനാഴ്ച ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കൂടിക്കാഴ്ചയിൽ തെക്കൻ തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക പ്രതിസന്ധി പരിഹരിക്കാൻ പ്രാഥമിക ധനസഹായമായി 2000 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. “എൻ‌ ഡി‌ ആർ‌ എഫിൽ നിന്ന് ഉടൻ പണം അനുവദിക്കണമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.”- സ്റ്റാലിൻ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളായ തൂത്തുക്കുടിയിലും തിരുനെൽവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി. നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിലും എത്രയോ മടങ്ങ് കൂടുതലാണ് ഈ പ്രദേശങ്ങളിൽ ലഭിച്ച മഴയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ ആദ്യ ദിവസം മാത്രം കനത്ത മഴയുണ്ടാകുമെന്ന പ്രവചനമാണ് ഐഎംഡിയുടെ ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.