കുടുംബവഴക്ക് പതിവ് ; ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു

വെട്ടുകൊണ്ട ഇരുവരും നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ സമയത്താണ് അടുക്കളയിലെത്തിയ രൂപേഷ് തീ കൊളുത്തിയത്

0
203

കൊല്ലം: പത്തനാപുരം നടുക്കുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), പത്ത് വയസുള്ള മകൾ ആരുഷ്മ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് രൂപേഷ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിലും എത്തിയതെന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യ നില തൃപ്തികരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും.

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വെട്ടുകൊണ്ട ഇരുവരും നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ സമയത്താണ് അടുക്കളയിലെത്തിയ രൂപേഷ് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചത്. രൂപേഷിന്‍റെ ആക്രമണത്തില്‍ അഞ്ജുവിന് തലയ്ക്ക് പിന്നിലും ആരുഷ്മയ്ക്ക് കണ്ണിലുമാണ് പരിക്കേറ്റത്.

പിടവൂർ സ്വദേശിയായ രൂപേഷും അലിമുക്ക് സ്വദേശിയായ അഞ്ജുവും പ്രണയ വിവാഹിതരാണ്. ഒരു വർഷമായി നടുക്കുന്ന് കുളങ്ങരയിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് . ഇവരുടെ വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിലും എത്തിയതെന്നാണ് പൊലീസ് പറയുന്നത്.