കളമശ്ശേരി സ്ഫോടനം; കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകാൻ ഹൈക്കോടതി നിർദ്ദേശം

ഒക്ടോബർ 29നാണ് കളമശ്ശേരി കൺവെൻഷൻ സെൻററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായത്. പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു.

0
119

കൊച്ചി: എറണാകുളം കളമശ്ശേരി സ്ഫോടനത്തിൽ കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകാൻ ഹൈക്കോടതിയുടെ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കിൽ കൺവെൻഷൻ സെന്ററിൽ നിന്നും വീണ്ടും സാമ്പിളുകൾ ശേഖരിക്കാം, എന്നാൽ ഇത് രണ്ടു ദിവസത്തിനുള്ളിൽ ശേഖരിക്കണമെന്നും കോടതി പറഞ്ഞു. സാമ്പിളുകൾ ശേഖരിച്ച തൊട്ടടുത്ത ദിവസം തന്നെ കൺവെൻഷൻ സെന്റർ ഉടമയ്ക്ക് കൈമാറാനാണ് ഉത്തരവിൽ നിർദേശിക്കുന്നത്. സ്ഫോടനത്തിന് ശേഷം പൊലീസിന്റെ കസ്റ്റഡിയിലാണ് കൺവെൻഷൻ സെന്റർ ഉള്ളത്.

അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി ഡിസംബർ രണ്ടിന് മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ ആകെ മരണം ഏഴായി. മൂന്നു പേർ അന്നു തന്നെ മരിച്ചിരുന്നു. 52 പേർക്കാണ് പരുക്കേറ്റത്.

ഒക്ടോബർ 29നാണ് കളമശ്ശേരി കൺവെൻഷൻ സെൻററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായത്. പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ 2400 ഓളം ആളുകൾ ഹാളിലുണ്ടായിരുന്നു. ഹാളിൻ്റെ മധ്യഭാഗത്താണ് സ്ഫോടനം ഉണ്ടായത്. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കൺവെൻഷൻ സെൻ്ററിലുണ്ടായിരുന്നത്.

സംഭവം നടന്ന അന്നു തന്നെ പ്രതി ഡൊമിനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മാർട്ടിൻ മാത്രമാണ് കസ്റ്റഡിയിലുള്ളത്. സ്ഫോടന കേസിലെ നിർണായക തെളിവുകൾ മാർട്ടിന്റെ വാഹനത്തിൽ നിന്ന് പൊലീസ് തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെടുത്തത്. മുൻപ് യഹോവയുടെ സാക്ഷികൾക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.