ജീവനെടുത്ത സ്ത്രീധന മോഹം: ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിയായ റുവൈസിന് ഉപാധികളോടെ ജാമ്യം

സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

0
242

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

അതേസമയം, ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.