ജമ്മു കശ്മീരിൽ ഭീകരവാദികളുമായി ഏറ്റുമുട്ടൽ തുടരുന്നു ; നാല് സൈനികര്‍ക്ക് വീരമൃത്യു, മേഖലയിലേക്ക് കൂടുതല്‍ സൈനികർ

ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്.

0
123

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരാക്രമണം. ഭീകരവാദികളുടെ വെടിവയ്പ്പില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. പിന്നാലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സംഭവത്തെതുടര്‍ന്ന് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. മേഖലയിലേക്ക് കൂടുതല്‍ സൈനികർ എത്തിയിട്ടുണ്ട്.അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരർക്കായി തെരച്ചിൽ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തത്. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരന് ​ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.