‘ബോഡി ഷെയ്മിം​ഗ് തമാശയല്ല’ ; ബിനു അടിമാലിക്ക് മറുപടി കൊടുത്ത് മഞ്ജു പത്രോസ്

ഒരു തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കാനുള്ള ഉത്തരവാദിത്തം കലാകാരനും എഴുത്തുകാരനും കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

0
368

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് ഇന്റസ്ട്രിയിലേക്ക് വരുന്നത്. നടിയാവണം അഭിനയ്ക്കണം എന്നൊന്നും തന്റെ വിദൂര സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്ന കാര്യമല്ല എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. എന്നാൽ നിരവധി സിനിമകളിലും പരമ്പരകളിലും മഞ്ജു പത്രോസ് വേഷമിട്ടു. ബി​ഗ് ബോസ് മലയാളം സീസൺ 2 വിലെ മത്സരാർത്ഥിയായിരുന്നു മഞ്ജു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് താരം. യൂട്യൂബിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട് മഞ്ജു. കൂടാതെ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാൻ മടി കാണിക്കാത്ത താരം കയ്യടി നേടാറുണ്ട്.

ഇപ്പോഴിതാ പൊതുവേദിയിൽ ബോഡി ഷെയിമിങ്ങിനെതിരെ സംസാരിക്കുന്ന മഞ്ജു പത്രോസിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ബോഡി ഷെയിമിങ്ങിനെ അനുകൂലിക്കുന്ന രീതിയിൽ സംസാരിച്ച നടൻ ബിനു അടിമാലിയെ തിരുത്തിക്കൊണ്ടായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. മറ്റൊരു കലാകാരന്മാർക്കും ലഭിക്കാത്ത രീതിയിലുള്ള ട്രോളുകൾ ലഭിച്ചിട്ടുള്ള ആളാണ് ഞാൻ. വ്യക്തിപരമായി എന്റെ സോഷ്യൽ മീഡിയ സഹപ്രവർത്തകരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. എന്നെ പോലെയുള്ള ഒരു പറ്റം കലാകാരന്മാർക്ക് വേണ്ടി പറയുന്നതാണ്.

ഈ കലാകാരന്മാർ പലരും ഒന്നുമില്ലായ്മയിൽ നിന്നും വന്നവരാകും. അവർ എന്തെങ്കിലും തമാശ രീതിയിൽ പറയുന്നുണ്ടെങ്കിൽ, അത് പ്രേക്ഷകരായ നിങ്ങളെ ചിരിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇതൊന്നും ബോഡി ഷെയ്‌മിങ്ങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുന്നതോ ഒന്നുമല്ല. പണ്ടത്തെ സിനിമകളൊക്കെ നോക്കിയാൽ അറിയാം. അന്നൊന്നും ബോഡി ഷെയിമിങ് എന്നൊരു സംഭവം ഉണ്ടായിട്ടില്ല എന്നും ബിനു പറയുന്നു. ലാലേട്ടനും ശ്രീനിവാസൻ ചേട്ടനുമൊക്കെ എത്ര സിനിമകളിലാണ് ഇത്തരം തമാശകൾ പറഞ്ഞിട്ടുള്ളത്. വ്യക്തിപരമായി അവരൊന്നും അങ്ങനെയുള്ള ആളുകളല്ല. ആ കഥയ്ക്കും കഥാപാത്രത്തിനും വേണ്ടി പറയുന്ന തമാശകൾ മാത്രമായി ഇതിനെ കാണുക ഇതൊരു അപേക്ഷയാണ്,’ എന്നായിരുന്നു ബിനുവിന്റെ വാക്കുകൾ.

ഇതിനു പിന്നാലെയാണ് ബിനു അടിമാലിയെ തിരുത്തി കൊണ്ട് മഞ്ജു സംസാരിച്ചു തുടങ്ങിയത്. ‘ഇതൊരു ചർച്ചയാക്കാൻ എനിക്ക് താൽപര്യമില്ല. പക്ഷെ ഈ സദസിൽ ഇരിക്കുമ്പോൾ, ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് അതൊരു മനസാക്ഷി കുത്ത് ആണെന്നത് കൊണ്ട് മാത്രം പറയുകയാണ് എന്ന് പറഞ്ഞാണ് മഞ്ജു തുടങ്ങിയത് . അവരെല്ലാം കലാകാരന്മാരാണ്, വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നൊക്കെ ബിനു ചേട്ടൻ പറഞ്ഞു. അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാൻ. ഓർമ്മവെച്ച കാലം മുതൽ എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കിയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേർ എന്നോട് സംസാരിച്ചിട്ടുണ്ട്,’ ‘ഞാൻ അത് അനുഭവിച്ചിട്ടുള്ളത് കൊണ്ട് പറയുന്നതാണ്. എനിക്ക് അത്തരം കോമഡികൾ ആസ്വദിക്കാനേ കഴിയാറില്ല.

ഒരു തമാശ മറ്റൊരാൾക്ക് വേദനയാകുമെങ്കിൽ അത് പറയാതിരിക്കാനുള്ള ഉത്തരവാദിത്തം കലാകാരനും എഴുത്തുകാരനും കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്തരം തമാശകൾ അനാരോഗ്യകരമായ ഒരു തലമുറയെ കൂടിയാണ് സൃഷ്ടിക്കുന്നത്,എന്നും മഞ്ജു പറഞ്ഞു. അതുപോലെ തന്നെ പണ്ടത്തെ സിനിമകളിൽ എന്തും പറഞ്ഞതിന്റെ ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും അന്ന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നത്തെ ആളുകൾ ഇത്രയും അപകർഷതാ ബോധത്തിലേക്ക് ഇറങ്ങി പോയതെന്നാണ് എനിക്ക് തോന്നുന്നത് എന്നും മഞ്ജു പറഞ്ഞു. ആ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് മഞ്ജുവിനെ സപ്പോർട്ട് ചെയ്ത് കമന്റ് ഇട്ടിരിക്കുന്നത്.