കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന്; പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ

ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത്.

0
156

തിരുവനന്തപുരം: കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത് ഇതിൽ ഒൻപത് പേര്‍ സംഘപരിവാർ അനുകൂലികൾ ആണ്. സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർവകലാശാലയിൽ ഇന്ന് സുരക്ഷ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

എന്നാൽ സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. അക്കാദമീഷ്യന്‍റെ യോഗ്യത മാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും കെ സുധാകരന്‍ ചോദിച്ചു. ലിസ്റ്റില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണ്. അതിനായി കെ പി സി സി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ എസ്എഫ്ഐയും സർക്കാരും ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുന്നതിനിടെയാണ് കോൺഗ്രസും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഗവർണറെയും സംഘപരിവാറിന്റെയും പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ക്യാമ്പസുകൾ വർഗീയശക്തികൾക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ വിദ്യാർത്ഥി സംഘടനകൾ വിലയുറപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കോൺഗ്രസിന്റെ നിറം മാറ്റം.

അതേസമയം കെഎസ്‌യു ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും. നവ കേരള സദസ്സിന് എതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് തലസ്ഥാനത്ത് കെഎസ്‌യുവിന്റെ മാർച്ച്. പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച്.