ചുമതലകൾ നിറവേറ്റുന്നില്ല; ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കേരളം

ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന തര്‍ക്കത്തിൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

0
176

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കേരള സര്‍ക്കാര്‍. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമര്‍ശനം. ഗവര്‍ണറും സര്‍ക്കാരും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന തര്‍ക്കത്തിൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുൻനിര്‍ത്തിയാണ് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും. ഫയലുകൾ ഒപ്പിടാതെ സർക്കാരിനെതിരെ അനാവശ്യ വിവാദങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ഗവർണർക്കെതിരെ നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ഗവർ നടപടിക്കെതിരെ എസ് എഫ് ഐ വലിയ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി മുന്നോട്ടുവെച്ച ലിസ്റ്റ് തള്ളിക്കളഞ്ഞാണ് ഗവർണർ സർവ്വകലാശാലയിൽ തന്നിഷ്ടം നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇന്ന് നടക്കുന്ന സെനറ്റ് യോഗത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.

ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ് എഫ് ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ വ്യക്തമാക്കുന്നു.