75 ദിവസത്തെ യുദ്ധം: ഇസ്രായേൽ കൊന്നൊടുക്കിയത് 20,000 പലസ്തീനികളെ

മരിച്ചവരിൽ 8,000-ത്തിലധികം കുട്ടികളും 6,200 സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. 52,000-ത്തിലധികം ജനങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ഗാസയിൽ നിന്ന് 6,700 പേരെ കാണാതായിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

0
535

ഗാസ: ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ പലസ്തീൻ സങ്കർഷത്തിൽ ഇതുവരെ പലസ്തീന് നഷ്ടമായത് ഇരുപതിനായിരം മനുഷ്യ ജീവനുകൾ. ഇത്തവണ യുദ്ധത്തിന് തുടക്കം കുറിച്ചത് ഹമാസാണെങ്കിലും തികച്ചും മനുഷ്യത്വ രഹിതമായ നടപടികളാണ് ഇസ്രയേൽ പലസ്തീൻ ജനതയ്ക്ക് മേൽ നടത്തിയത്. ഇസ്രായേൽ ഗാസയെ പൂർണ്ണമായും നശിപ്പിച്ചിരുന്നു.

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 20,000 ആയി. ഹമാസ് നടത്തുന്ന സർക്കാർ മാധ്യമമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരെ കൂടാതെ ലക്ഷക്കണക്കിന് ഗാസ സ്വദേശികൾ നാട് ഉപേക്ഷിച്ച് പലായനം ചെയ്തതായും കണക്കുകളിൽ നിന്നും വ്യക്തമാവുകയാണ്.

മരിച്ചവരിൽ 8,000-ത്തിലധികം കുട്ടികളും 6,200 സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. 52,000-ത്തിലധികം ജനങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ഗാസയിൽ നിന്ന് 6,700 പേരെ കാണാതായിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 310 മെഡിക്കൽ ജീവനക്കാരും 35 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും 97 മാധ്യമപ്രവർത്തകരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പ്രതികാരമെന്നവണ്ണമാണ് ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചത്. ഇസ്രായേലിൻ്റെ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 ഓളം പേർ കൊല്ലപ്പെടുകയും 200 ലധികം പേര് ഹമാസ് ബന്ധികളാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇസ്രായേൽ സൈനിക നടപടി ശക്തമാക്കിയിരിക്കുകയാണ്. ഇക്കാലയളവിൽ ഖാൻ യൂനിസിലെ നിരവധി ഭീകരരുടെ ഒളിത്താവളങ്ങൾ ഐ ഡി എഫ് തകർത്തുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ സേനയ്ക്ക് നേരെ ടാങ്ക് വേധ മിസൈലുകൾ തൊടുത്ത ഹമാസ് ഭീകരനെ ഇസ്രായേൽ സൈന്യം വധിച്ചു. ഷെജയ്യയിലെ സ്‌കൂളിന് സമീപത്തെ മെഡിക്കൽ ക്ലിനിക്കിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ ഇസ്രായേൽ സേന പരിശോധനയിൽ കണ്ടെടുത്തു. തെക്കൻ ഗാസയിലെ കടൽത്തീരത്തിനടുത്തുള്ള ടണൽ ഷാഫ്റ്റ് ഇസ്രായേൽ സൈനികർ സൈനിക നീക്കത്തിനിടെ തകർക്കുകയും ചെയ്തു.