വണ്ടിപ്പെരിയാർ കേസ്; അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് ആരോപിച്ച് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

0
222

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. വണ്ടിപ്പെരിയാർ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് ആരോപിച്ച് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജ്ജിയും നല്‍കാനാണ് തീരുമാനം. ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും.

കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്തതായിരിക്കും പ്രധാനമായും ഉന്നയിക്കുക. നിലവിലെ വിധി റദ്ദ് ചെയ്യുന്നതിനും കേസില്‍ അർജുനെതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളഉം ഉൾപ്പെടുത്തണമെന്ന ആവശ്യം കുടുംബം ഡി ജി പിയെ അറിയിക്കും. പ്രതി അർജുൻ തന്നെയാണെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. സംസ്ഥാന ബാലാവകാശ കമ്മിഷനും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

തെളിവുകളും സാക്ഷി മൊഴികളും കെട്ടിച്ചമച്ചതാണെന്ന് അർജുൻ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വിമർശിച്ചിരുന്നു. മരിച്ചുപോയ കുഞ്ഞ് തനിക്ക് അനുജത്തിയെപ്പോലെയാണെന്നും തൻ്റെ ഉറ്റ സുഹൃത്തുക്കളും കടക്കാരനും പൊലീസ് പ്രേരണയിൽ കള്ളം പറഞ്ഞതാണെന്നുമായിരുന്നു അർജുൻ്റെ വാദം.