പിടികൂടിയ നരഭോജി കടുവയ്ക്ക് ശസ്ത്രക്രിയ ; മുഖത്ത് 8 സെ.മി ആഴത്തിൽ മുറിവ്

ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴുണ്ടായ പരുക്കാണ് മുഖത്തുള്ളതെന്ന് വെറ്റിനറി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി.

0
176

തൃശ്ശൂർ : വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്ത് 8 സെൻറീമീറ്ററോളം ആഴത്തിൽ മുറിവെന്ന് വിലയിരുത്തൽ. ഇതിനാൽ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ കഴിയുന്ന കടുവയ്ക്ക് പരുക്കിനെ തുടർന്ന് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്ന് വെറ്റിനറി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകി. നാളെ ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിൻറെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കും.

ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴുണ്ടായ പരുക്കാണ് മുഖത്തുള്ളതെന്ന് വെറ്റിനറി ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. കടുവയുടെ മുഖത്ത് മറ്റൊരു കടുവ കൈകൊണ്ട് അടിച്ചതിനെ തുടർന്നാണ് മൂക്കിൽ ആഴമേറിയ മുറിവുണ്ടായത്. മുറിവിൽ നിന്ന് ചോര ഒലിക്കുന്നതും അണുബാധ പിടിപെട്ടിട്ടുണ്ടോയെന്ന സംശയവുമാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ കാരണം. മുറിവ് പരിശോധിച്ച ശേഷം തുന്നിക്കെട്ടി അണുബാധ ഏൽക്കാത്ത തരത്തിൽ പരിചരണം നൽകാനാണ് തീരുമാനം. വാകേരിയിൽ നിന്ന് പിടിയിലായതിനുശേഷം കടുവ കാര്യമായി ഭക്ഷണം എടുത്തിരുന്നില്ല. എന്നാൽ പുത്തൂരിൽ എത്തിച്ച ശേഷം ചെറിയതോതിൽ വെള്ളവും ഭക്ഷണവും കഴിച്ചു തുടങ്ങി.