‘പണിക്കാർക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി നല്‍കി, കൊതിയോടെ നോക്കി നിന്നു’; കൃഷ്ണകുമാരിന് കടുത്ത വിമർശനം

നടൻ എന്നതിലുപരിയായി രാജ്യം ഭരിക്കുന്ന ബി ജെ പി എന്ന പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാൾകൂടിയാണ് കൃഷ്ണകുമാർ എന്നത് വിഷയത്തിൻ്റെ ഗൌരവം വർദ്ധിപ്പിക്കുന്നു.

0
722

നടൻ കൃഷ്ണ കുമാറിൻ്റെ വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധം. വീട്ടിൽ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക് മുറ്റത്ത് കുഴികുത്തി ഇല വെച്ച് പഴങ്കഞ്ഞി നൽകിയ അനുഭവം പറഞ്ഞ കൃഷ്ണകുമാറിന് സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം ഉയരുകയാണ്. ജോലിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാർ അവതരിപ്പിച്ചത്.

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ്‍ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശം നടത്തിയത്. വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോ​ഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നാണ് കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നത്.

ജാതി വിവേചനം നിലനിന്നിരുന്ന കാലത്താണ് ഇത്തരത്തിൽ ആളുകളോട് പെരുമാറിയിരുന്നത്. ഇതിനെയാണ് കൃഷ്ണ കുമാർ ഒരു നൊസ്റ്റാൾജിക് ഓർമ്മയായി അവതരിപ്പിക്കുന്ന്. അങ്ങനെ വന്നിരുന്ന് കഴിക്കുന്ന മനുഷ്യരുടെ ഗതികേടോ അവർ അനുഭവിച്ച അനീതിയെക്കുറിച്ചോ തെല്ലും കുറ്റബോധമില്ലെന്ന് മാത്രവുമല്ല വളരെ അഭിമാനത്തോടെയാണ് അയാൾ ഇക്കാര്യങ്ങൾ വിവരിക്കുന്നത്. നടൻ എന്നതിലുപരിയായി രാജ്യം ഭരിക്കുന്ന ബി ജെ പി എന്ന പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാൾകൂടിയാണ് കൃഷ്ണകുമാർ എന്നത് വിഷയത്തിൻ്റെ ഗൌരവം വർദ്ധിപ്പിക്കുന്നു.

പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാറിന്റെ വിവാദ പരാമർശം. അച്ഛന് എഫ്എസിടിയിൽ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് കൃഷ്ണകുമാർ ഓർത്തെടുക്കുന്ന വീഡിയോ അഞ്ചുമാസം മുൻപുള്ളതാണ്. ഇപ്പോഴാണ് ഇത് വൈറലാകുന്നതും ചർച്ചയാകുന്നതും. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോൾ ഉണ്ടായ ഓർമകളെക്കുറിച്ചാണ് കൃഷ്ണകുമാർ പറയുന്നത്.

കൃഷ്ണ കുമാറിന് കൊതി തോന്നിയ ഭക്ഷണം അതേ സാമൂഹിക അന്തരീക്ഷത്തിൽ നൽകാൻ ഞങ്ങൾ തയ്യാറെന്ന ഓഫറുമായി ഒരുപറ്റം യുവാക്കൾ സോഷ്യൽ മീഡിയയിൽ എത്തി. നല്ലതുപോലെ ജോലി ചെയ്ത് താങ്കൾ ക്ഷീണിച്ചു വരുമ്പോൾ ഇത്തരത്തിൽ മുറ്റത്ത് ചെറിയ കുഴിയെടുത്ത് അതിൽ ഇലയിട്ട് അതിൽ പഴങ്കഞ്ഞി തരാം എന്ന തരത്തിലുള്ള പ്രതിഷേധങ്ങളും കാണാം.