‘പൊലീസിന് നേരെ ആക്രമണം, കലാപാഹ്വനം’; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷം, കേസെടുത്ത് പൊലീസ്

സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നതായി ആരോപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു.

0
146

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന് നേരെ ആക്രമണം, കലാപാഹ്വനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പിങ്ക് പൊലീസ് വാഹനം അടിച്ചുതകര്‍ത്തതിനും കേസ് എടുത്തിട്ടുണ്ട്.

മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ , കന്റോണ്‍മെന്റ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് കേസെടുത്തത്. രണ്ട് സ്‌റ്റേഷനുകളിലായി നാല് കേസുകളാണ് എടുത്തത്. 38 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ 23 പേര്‍ക്കെതിരെയും മ്യൂസിയം സ്‌റ്റേഷനില്‍ 15 പേര്‍ക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന മുന്നൂറോളം പേരെ കേസില്‍ പ്രതിചേര്‍ക്കും.

സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നതായി ആരോപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു.

പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലുമായി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ 20 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ 22 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലാണ്. 20 പേര്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലും രണ്ട് പേര്‍ മ്യൂസിയം സ്‌റ്റേഷനിലുമാണുള്ളത്. കന്റോണ്‍മെന്റ് സി ഐ ദില്‍ജിത്തിന് പട്ടികകൊണ്ട് മുഖത്ത് അടിയേറ്റു.

പൂജപ്പുര സിഐ റോജി, വനിതാ സെല്‍ സിഐ, നാല് വനിത പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പൊലീസ് വാഹനങ്ങള്‍ തല്ലി തകര്‍ത്തു. രണ്ട് പൊലീസ് ബസുകളും ഒരു പിങ്ക് പൊലീസ് വാഹനങ്ങളുമാണ് ആക്രമിച്ചത്.