ഉത്സവത്തിനിടെ ആനയിടഞ്ഞു ; ക്ഷേത്രപൂജാരി അത്ഭുതകരമായി രക്ഷപെട്ടു

ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

0
166

കണ്ണൂർ : പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.

എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ ആക്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് വിവരം. ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ എത്തിയിരുന്നു . ഏറെ പണിപ്പെട്ട് ബുധനാഴ്ച പുലർച്ചയോടെയാണ് തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ആനയെ തളച്ചത്. ആനയെ വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റി.