ഷാര്‍ജ: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഷാര്‍ജയില്‍ ഈ വര്‍ഷം പിടിയിലായത് 551 പേര്. മയക്കുമരുന്ന് കടത്തുകാരും വില്‍പ്പനക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 30 വരെയുള്ള കണക്കാണിത്. ഷാര്‍ജ പൊലീസ് ആന്റി നാര്‍കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
1,051,000 കിലോഗ്രാം ഹാഷിഷ്, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, 70.8 ലക്ഷം കിലോ മറ്റ് ലഹരി വസ്തുക്കള്‍, ലഹരി ഗുളികകള്‍ എന്നിവ പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു. 10.4 കോടി ദിര്‍ഹത്തിലേറെ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്ന് പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന 785 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
അതേസമയം സാമൂഹിക മാധ്യമങ്ങളും ഓൺലൈൻ സംവിധാനങ്ങളും വഴി മയക്കുമരുന്ന് വിൽപന നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് ഷാർജ പൊലീസ് ആന്റി നാർകോട്ടിക്സ് വിഭാഗം ‘ബ്ലാക്ക് ബാഗ്സ്’, ‘ഡെലിവറി കമ്പനീസ്’, ‘അൺവീലിങ് ദ കർട്ടൻ’ എന്നിങ്ങനെ വിവിധ ഓപറേഷനുകൾ ഇക്കാലയളവിനിടയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 8004654 എന്ന നമ്പറിലോ ഷാർജ പൊലീസ് ആപ്, വെബ്സൈറ്റ്, ഇ-മെയിൽ എന്നിവ വഴിയോ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.