ന്യൂഡൽഹി: ഇന്ത്യയിലാകെ 21 ആളുകളിലാണ് അപകടകാരികളായ കോവിഡ് 19 ഉപവകഭേദമായ ജെ എൻ 1 കണ്ടെത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലായാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ കേരളത്തിലും മഹാരാഷ്ട്രയിലും ഓരോ കേസുകൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കി 19 കേസുകളും ഗോവയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോണ്‍ പരമ്പരയുടെ പിന്‍ഗാമിയായി കരുതുന്ന ജെ എന്‍ 1 കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഏറ്റവും വേഗത്തില്‍ പടരുന്ന വൈറസായി മാറിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തുടനീളം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല തിരിച്ച് പകര്‍ച്ചവ്യാധി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.
ഇന്റഗ്രേറ്റഡ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. കൂടാതെ വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത്, ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം നിർദേശത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് തിരുവനന്തപുരം സ്വദേശിനിയായ 79-കാരിയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 115 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,749 ആയി. കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.
കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.