നവകേരള സദസ്സിലൂടെ ശിവഗിരി – തൊടുവെ പാലം നിര്‍മ്മാണത്തിന് അനുമതി

142 വര്‍ഷത്തോളം പഴക്കമുള്ള തൊടുവെ പാലത്തിന് പകരമായാണ് പുതിയപാലം പണിയുന്നത്. ശിവഗിരി മഠത്തിലെക്ക് ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷന്‍ മേഖലയില്‍ നിന്ന് എളുപ്പത്തിൽ എത്താനുള്ള വഴിയായി ഈ പാലം മാറും.

0
211

കൊല്ലം: വര്‍ക്കല നിയോജകമണ്ഡലത്തിലെ ശിവഗിരി – തൊടുവെ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. പദ്ധതിയുടെ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 10.36 കോടി രൂപയുടെ ടെണ്ടറിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

142 വര്‍ഷത്തോളം പഴക്കമുള്ള തൊടുവെ പാലത്തിന് പകരമായാണ് പുതിയപാലം പണിയുന്നത്. ശിവഗിരി മഠത്തിലെക്ക് ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷന്‍ മേഖലയില്‍ നിന്ന് എളുപ്പത്തിൽ എത്താനുള്ള വഴിയായി ഈ പാലം മാറും. പാലം സാധ്യമാകുന്നത് ശിവഗിരി തീർഥാടനത്തിന് ഉൾപ്പെടെ സഹായകരമായി മാറും. വര്‍ക്കല എം എല്‍ എ വി ജോയി പാലം നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നവകേരള സദസ്സ് വർക്കലയിൽ എത്തുന്ന ദിവസം വർക്കല ജനതക്കുള്ള സമ്മാനമാണ് മന്ത്രിസഭ യോഗ തീരുമാനം എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടെണ്ടര്‍ മന്ത്രിസഭായോഗം അംഗീകരിച്ച സാഹചര്യത്തില്‍ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കെ ആര്‍ എഫ് ബി-പി എം യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.