തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി തെരഞ്ഞടുപ്പ് കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിൽ വീണ്ടും കേസ്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ആറ് മാസമായി സംസ്ഥാനത്ത് വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം നടന്നെന്ന് എഫ്ഐആറിൽ പറയുന്നു. ഐപിസി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 465 വ്യാജരേഖ ചമച്ചതിന് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 468 വഞ്ചനയ്ക്കായി വ്യാജ രേഖ ചമച്ചതിന് ഏഴ് വർഷം തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ഐപിസി 471 ഒരു വ്യാജരേഖ യഥാർത്ഥമായി ഉപയോഗിച്ചുവെന്ന കുറ്റമാണ്. തെരഞ്ഞെടുപ്പിൽ വ്യാജ കാർഡ് ഉപയോഗിക്കാൻ സാധ്യതയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്കയറിയിച്ചു.
വ്യാജ ഐഡി കാർഡ് സൃഷ്‌ടിക്കാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ സംഘത്തിന് ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
ഈ റിപ്പോർട്ട് ലഭിച്ച ശേഷമാവും അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കുക. ഇതിന് പുറമെ തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണം ഉയർത്തിയവരെ കണ്ടെത്തി അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പോലീസ് സ്വീകരിച്ചു കഴിഞ്ഞു.
അതേസമയം, നേരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇതും അന്വേഷിക്കും, മ്യൂസിയം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപിയും കന്റോൺമെന്റ് എസിയുമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. അഞ്ച് ദിവസത്തിനകം തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകാനാണ് നീക്കം. അന്വേഷണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരുടെയും മൊഴിയെടുക്കും.
വിവാദം ഉയർന്നുവന്നതിന് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ അതൃപ്‌തിയുണ്ടെന്നാണ് സൂചന. പോലീസ് കേസെടുക്കുക കൂടി ചെയ്‌തതോടെ ഇത് പാർട്ടിക്ക് കൂടുതൽ നാണക്കേടായെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.