റിലീസിന് മുൻപേ അടുത്ത ട്രെയിലർ ; ആകാംക്ഷ ഇരട്ടിയാക്കി സലാർ

ആദ്യ ട്രെയ്‍ലറിനേക്കാള്‍ ആവേശം സൃഷ്ടിക്കുന്നതാണ് രണ്ടാം ട്രെയ്‍ലര്‍. ആദ്യ ട്രെയ്‍ലറിന് 3.47 മിനിറ്റ് ദൈര്‍ഘ്യം ഉണ്ടായിരുന്നുവെങ്കില്‍ പുതിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം 2.53 മിനിറ്റ് ആണ്.

0
374

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ. സലാറിന് ലഭിച്ചതുപോലെ പ്രീ റിലീസ് ഹൈപ്പ് സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല. പൃഥ്വിയുടേയും പ്രഭാസിന്റേയും കഥാപാത്രങ്ങളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയാണ് സലാര്‍
ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ രണ്ടാഴ്ച മുന്‍പ് പുറത്തെത്തിയത് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി റിലീസിന് മുന്‍പ് മറ്റൊരു ട്രെയ്ലര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമ തിയറ്ററുകളില്‍ വലിയൊരു ദൃശ്യവിസ്മയമാകുമെന്ന ഉറപ്പ് നല്‍കുന്ന തരത്തിലാണ് ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

ആദ്യ ട്രെയ്‍ലറിനേക്കാള്‍ ആവേശം സൃഷ്ടിക്കുന്നതാണ് രണ്ടാം ട്രെയ്‍ലര്‍. ആദ്യ ട്രെയ്‍ലറിന് 3.47 മിനിറ്റ് ദൈര്‍ഘ്യം ഉണ്ടായിരുന്നുവെങ്കില്‍ പുതിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം 2.53 മിനിറ്റ് ആണ്. പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്ന വരദരാജ മാന്നാര്‍ നഗരത്തിന്റെ ആധിപത്യം അവകാശപ്പെടാന്‍ കടുത്ത പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നതും പ്രഭാസിന്റെ സലാര്‍ എന്ന കഥാപാത്രം തന്റെ സുഹൃത്തിനെ സിംഹാസനത്തില്‍ കയറാന്‍ സഹായിക്കുന്നതുമൊക്കെ കൂട്ടിച്ചേര്‍ത്ത് ഒരു സൗഹൃദകഥയാണ് ചിത്രത്തിന്റെ പ്രമേയം. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത് എന്നത് മലയാളി സിനിമാപ്രേമികള്‍ക്ക് ചിത്രത്തില്‍ അധിക താല്‍പര്യം ഉണ്ടാക്കുന്ന ഘടകമാണ്. കെജിഎഫിന്‍റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സലാറിന്‍റെ സംവിധാനം. കെജിഎഫിന് ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

രണ്ട് ഭാഗങ്ങളായിട്ടാവും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആദ്യ ഭാഗത്തിന് സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റൻ സെറ്റുകളിട്ടാണ് ചിത്രം നിർമ്മിച്ചത്. 400 കോടി ബഡ്ജറ്റുള്ള സലാർ പാർട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകൾക്ക് സമാന്തരമായി നിർമ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. ഡിസംബര്‍ 22 നാണ് സലാറിന്‍റെ റിലീസ് . തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം തീയറ്ററുകളിൽ എത്തുക. സലാർ കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. കേരളത്തില്‍ ഏകദേശും മുന്നൂറിലധികം സ്‍ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു, മധു ഗുരുസ്വാമി, ജോണ്‍ വിജയ്, സപ്തഗിരി, ബാലിറെഡ്ഡി പൃഥ്വിരാജ്, മിമെ ഗോപി, സിമ്രത് കൗര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫിന്റെ സംഗീതം നിര്‍വ്വഹിച്ച രവി ബസ്രൂര്‍ ആണ് സലാറിന്റേയും സംഗീതം. ഭുവന്‍ ഗൗഡയുടേതാണ് ഛായാഗ്രഹണം. എന്തായാലും അടുത്ത ട്രെയിലർ കൂടെ പുറത്തിറങ്ങിയതൊടെ ആരാധകരുടെ ആവേശവും ഇരട്ടി ആയിരിക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഉള്ളൂ ആ ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്താൻ.