പിടികൂടിയ നരഭോജി കടുവ കുപ്പാടി മൃഗപരിശീലന കേന്ദ്രത്തിൽ

മാനന്തവാടി സബ് കളക്ടര്‍ ഉള്‍പ്പെടെ എത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് കടുവയെയും വഹിച്ചുള്ള വനംവകുപ്പിന്‍റെ കോണ്‍വോയ് കുപ്പാടിയിലേക്ക് പുറപ്പെട്ടത്.

0
122

വയനാട്: വാകേരിയില്‍ യുവ കര്‍ഷകൻ പ്രജീഷ് എന്ന യുവാവിന്റെ ജീവനെടുത്ത നരഭോജി കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ വെടിവച്ചുകൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധം. നടത്തിയിരുന്നു. തുടർന്ന് മാനന്തവാടി സബ് കളക്ടര്‍ ഉള്‍പ്പെടെ എത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് കടുവയെയും വഹിച്ചുള്ള വനംവകുപ്പിന്‍റെ കോണ്‍വോയ് കുപ്പാടിയിലേക്ക് പുറപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് വാകേരി കൂടല്ലൂരില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. എൺപതം​ഗ സംഘം നാല് ടീമുകളായി തിരിഞ്ഞാണ് കടുവക്കായി പരിശോധന നടത്തിയിരുന്നത്. വിക്രം, ഭരത് എന്നീ രണ്ട് കുംകിയാനകളെയും ദൗത്യത്തിനായി എത്തിച്ചേർന്നിരുന്നു. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചത്.പ്രജീഷിനെ കൊലപ്പെടുത്തി പത്താം ദിവസമാണ് നരഭോജി കടുവ കൂട്ടിലാകുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രജീഷ് എന്ന കർഷകനെ കടുവ കടിച്ചു കൊന്നത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്ന് ദൗത്യ സംഘം കണ്ടെത്തിയിരുന്നു.