ദോഹ: ഖത്തര്‍ ദേശീയ ദിനം ആഘോഷമാക്കാതെ രാജ്യം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളുമില്ല. കുവൈത്ത് മുന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസയിലെ പലസ്തീന്‍ ജനതയ്ക്ക് നേര്‍ക്ക് ഇസ്രയേലിന്റെ ആക്രമണം തുടരുന്നതും ദേശീയ ദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ കാരണമായി.
ദര്‍ബ് അല്‍സായി, കത്താറ കള്‍ചറല്‍ വില്ലേജ്, ദോഹ എക്‌സ്‌പോ എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് സര്‍ക്കാര്‍ മേഖലക്ക് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ദോഹ എക്‌സ്‌പോയില്‍ മൂന്ന് ലക്ഷം പൂക്കള്‍ കൊണ്ട് ദേശീയ പതാക ഒരുക്കിയിരുന്നു.
ഡിസംബർ 16നാണ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചത്. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിൻറെ പുരോഗതിയിൽ നിർണായക മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച ഭരണാധികാരിയാണ് വിടവാങ്ങിയത്.
ഗവർണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. അതിർത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയിൽ ശൈഖ് നവാഫ് ശ്രദ്ധേയനായിരുന്നു.