നരഭോജി കടുവ കൂട്ടിൽ; വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ, സ്ഥലത്ത് പ്രതിഷേധം

പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്തുവെച്ച കെണിയിലാണ് കടുവ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്

0
154

വയനാട്: വാകേരിയില്‍ യുവ കര്‍ഷകൻ പ്രജീഷ് എന്ന യുവാവിന്റെ ജീവനെടുത്ത നരഭോജി കടുവയെ പിടികൂടി. ഇന്നലെയാണ് ദൗത്യ സംഘം കടുവയെ പിടികൂടാനായി അഞ്ച് കൂടുകളും 35 ക്യാമറകളും പ്രദേശത്ത് സ്ഥാപിച്ചത്  . പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്തുവെച്ച കെണിയിലാണ് കടുവ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കോളനിക്കവലക്ക് അടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. പ്രജീഷിനെ കൊലപ്പെടുത്തി പത്താം ദിവസമാണ് നരഭോജി കടുവ കൂട്ടിലാകുന്നത്.

എൺപതം​ഗ സംഘം നാല് ടീമുകളായി തിരിഞ്ഞാണ് കടുവക്കായി പരിശോധന നടത്തിയിരുന്നത്. വിക്രം, ഭരത് എന്നീ രണ്ട് കുംകിയാനകളെയും ദൗത്യത്തിനായി എത്തിച്ചേർന്നിരുന്നു. അതേസമയം, യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവയെ വെടി വെച്ച് കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധിച്ചു. വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രജീഷ് എന്ന കർഷകനെ കടുവ കടിച്ചു കൊന്നത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്ന് ദൗത്യ സംഘം കണ്ടെത്തിയിരുന്നു.