ഡോ. ഷഹ്നയുടെ മരണം; റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജാമ്യാപേക്ഷയില്‍ പ്രൊസിക്യൂഷന്‍ ഇന്ന് കോടതിയിൽ വിശദീകരണം നല്‍കും. ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന്‍ നിലപാടാണ് അറിയിക്കുക.

0
159

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഡോ. ഇ എ റുവൈസ്. അറസ്റ്റിലായതിന് പിന്നാലെ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ല എന്നാണ് ഡോ. റുവൈസിന്റെ വാദം. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സര്‍ക്കാരിന് പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ജാമ്യാപേക്ഷയില്‍ പ്രൊസിക്യൂഷന്‍ ഇന്ന് കോടതിയിൽ വിശദീകരണം നല്‍കും. ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന്‍ നിലപാടാണ് അറിയിക്കുക.

ഡിസംബർ അഞ്ചിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹ്ന ആത്മഹത്യ ചെയ്തത്. അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം വ്യക്തമാക്കുന്നത്. മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്‌ലാറ്റില്‍ അബോധാവസ്ഥയിലാണ് ഷഹ്നായെ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹപാഠികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തിന് പിന്നാലെ ഷഹ്നയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഉപ്പ മരിച്ചതോടെ സാമ്പത്തികമായി ആരും സഹായിക്കാനില്ലെന്നും പ്രണയ വിവാഹത്തിന് സ്ത്രീധനം നൽകാൻ ശേഷിയില്ലെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പിതാവ് മരിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഷഹ്‌നയും സുഹൃത്തുമായുള്ള വിവാഹം പിതാവ് മരിക്കുന്നതിനു മുൻപ് തന്നെ തീരുമാനിച്ചിരുന്നു. അന്ന് ഉയർന്ന സ്ത്രീധനമാണ് യുവാവിൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയില്ലെന്ന് മനസ്സിലായതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയെന്നാണ് ഉയരുന്ന ആരോപണം.