‘ കനക ഇപ്പോൾ സന്തോഷവതിയാണ് ‘ ; കനകയെ കണ്ട അനുഭവങ്ങൾ പങ്കുവെച്ച് കുട്ടി പത്മിനി

കനക ഇപ്പോൾ താമസിക്കുന്ന വീടിനും പ്രോപ്പർട്ടിക്കു കൂടെ ഏകദേശം 13 കോടിയോളം വില വരും. ഈ പ്രോപ്പർട്ടി ആർക്കെങ്കിലും കൊടുത്ത് ഭം​ഗിയുള്ള ഫ്ലാറ്റ് വാങ്ങണമെന്ന് താൻ കനകയോട് പറഞ്ഞുവെന്നും കുട്ടിപത്മിനി പറയുന്നു.

0
187

സിനിമയേക്കാൾ നാടകീയമായ സംഭവങ്ങളാണ് നടി കനകയുടെ ജീവിതത്തിൽ നടന്നത്. ഒരുകാലത്ത് സിനിമാ രം​ഗത്ത് തിളങ്ങി നിന്ന മലയാളി, തമിഴ് പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട നടിയാണ് കനക. ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ കനക തമിഴകത്ത് കരകാട്ടക്കാരൻ എന്ന സിനിമയിലൂടെയാണ് ഇന്നും അറിയപ്പെടുന്നത്. അമ്മ ദേവികയായിരുന്നു കനകയുടെ എല്ലാം. അതുകൊണ്ട് തന്നെ ദേവികയുടെ മരണം കനകയെ മാനസികമായി വല്ലാതെ തകർത്തിരുന്നു. പിന്നാലെ അച്ചനുമായി കനകയ്ക്കുണ്ടായ പ്രശ്നങ്ങളും കനകയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. അങ്ങനെ ഏറെക്കാലം എല്ലാവരിൽ നിന്നും അകന്ന് കഴിഞ്ഞ കനക ഈ അടുത്താണ് വാർത്തകളിൽ വീണ്ടും ഇടം പിടിക്കാൻ തുടങ്ങിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി കുട്ടി പത്മിനി നേരിട്ട് പോയി കനകയെ കണ്ടിരുന്നു. അപ്പോൾ പകർത്തിയ കനകയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കനകയുടെ അമ്മ അന്തരിച്ച ദേവികയുമായി അടുത്ത ബന്ധം കുട്ടി പത്മിനിക്കുണ്ടായിരുന്നു. ഈ സൗഹൃദം വെച്ചാണ് കനകയെ കണ്ടത്. കനക വളരെ സന്തോഷവതിയായി കഴിയുകയാണെന്ന് കുട്ടി പത്മിനി അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കനകയെ നേരിട്ട് കണ്ടതിനെക്കുറിച്ചും പിന്നീട് ന‌ടന്ന സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കുട്ടി പത്മിനി. ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് കനകയെ കണ്ടതെന്ന് കുട്ടി പത്മിനി പറയുന്നു. ഒരു തമിഴ് മീഡിയയോ‌ടാണ് പ്രതികരണം. എപ്പോൾ പോയാലും കനകയുടെ വീടിന്റെ ​ഗേറ്റ് പൂട്ടിയിട്ടിട്ടുണ്ടാകും. അതു അരുന്ധതി സിനിമയിലെ പോലെ അ‍ഞ്ചാറ് പൂട്ടുകൾ ഉണ്ട്. മതിൽ ചാടി കടന്നാൽ ഉള്ളിൽ നായയുണ്ടോ എന്നറിയില്ല. വീടിന്റെ വാതിലും പൂട്ടിയ നിലയിലായിരിക്കും. വൈകുന്നേരം ഉള്ളിൽ ഒരു ലൈറ്റ് ഉണ്ടാകുമെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

യൂട്യൂബ് സബ്സ്ക്രെെബേർസിന്റെ നിർബന്ധം കൊണ്ടാണ് ഇത്തവണ പോയത്. ഇത്തവണയും വീട് പൂട്ടിയിരുന്നു. എപ്പോൾ വരുമെന്ന് അറിയില്ലെന്ന് വാച്ച്മാൻമാർ പറഞ്ഞു. രണ്ട് മണിക്കൂർ കാത്തിരുന്നു. കാറിലിരുന്ന് ഡ്രെെവറോട് സംസാരിക്കവെ പിറകിൽ ഓട്ടോ വന്നു. നോക്കിയപ്പോൾ കനകയാണ്. ഉടനെ തന്നെ താൻ പോയി സംസാരിച്ചു. തന്നെ വലിയ പരിചയം ഇല്ലെങ്കിലും തന്റെയാപ്പം കാറിൽ കയറാൻ കനക തയ്യാറായെന്നും കുട്ടി പത്മിനി പറഞ്ഞു. . കോഫി ഷോപ്പിൽ പോകാമെന്ന് കനകയാണ് പറഞ്ഞത്. ഞങ്ങൾ അവിടെ ഇരുന്ന് കുറച്ച് സംസാരിച്ചു. കനക ഇപ്പോൾ താമസിക്കുന്ന വീടിനും പ്രോപ്പർട്ടിക്കു കൂടെ ഏകദേശം 13 കോടിയോളം വില വരും. ഈ പ്രോപ്പർട്ടി ആർക്കെങ്കിലും കൊടുത്ത് ഭം​ഗിയുള്ള ഫ്ലാറ്റ് വാങ്ങണമെന്ന് താൻ കനകയോട് പറഞ്ഞുവെന്നും കുട്ടിപത്മിനി പറയുന്നു. കല്യാണം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല, ആർക്ക് വേണ്ടിയാണ് നീ ഈ പ്രോപ്പർട്ടി വെച്ചിരിക്കുന്നതെന്ന് കനകയോട് ഞാൻ ചോദിച്ചു. സർക്കാരിൽ നിന്നും നഷ്ടപരിഹാര തുക ലഭിക്കാനുണ്ടെന്നും, അത് കിട്ടിയിട്ടില്ലെന്നുമാണ് കനക മറുപടിയായി പറഞ്ഞത്. ഉന്നതരുമായി സംസാരിച്ച് ആ തുക വാങ്ങിത്തരാമെന്ന് താൻ ഉറപ്പ് കൊടുത്തെങ്കിലും കനക അതിന് ശേഷം അയച്ച മെസേജുകൾ കാണുന്നുണ്ടെങ്കിലും ഒരു മെസേജിനും പോലും മറുപടി തന്നിട്ടില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.

അതേസമയം അച്ഛനും കനകയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്നും അച്ഛന് ഒരു വീടും കനകയ്ക്ക് ഒരു വീടും എന്ന ധാരണയിലെത്തിയെന്നും കുട്ടി പത്മിനി വ്യക്തമാക്കി. അതേസമയം, കനക ആരെയും കാണാൻ താൽപര്യപ്പെ‌ടുന്നില്ലെന്നും പക്ഷെ അവൾ സന്തോഷത്തിലാണ് എന്നും കുട്ടി പത്മിനി പറയുന്നു. ഏകാന്തത അവൾ ഇഷ്ടപ്പെടുന്നു. ജോലിക്കാർ പോലും ഇല്ല. മുമ്പ് വീട്ടിൽ ഒരുപാട് വളർത്ത് മൃ​ഗങ്ങൾ ഉണ്ടായിരുന്നു. പൂച്ചകളെയും നായകളുമൊക്കെ കൊടുത്തു, നോക്കാൻ പറ്റുന്നില്ലെന്ന് കനക പറഞ്ഞെന്നും കുട്ടി പത്മിനി വ്യക്തമാക്കി.