ദാവൂദ് ഇബ്രാഹിം ആശുപത്രിയില്‍?; റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് ഇന്റലിജന്‍സ്

ഒരു പാക്കിസ്ഥാന്‍ യൂട്യൂബര്‍ പങ്കുവെച്ച വീഡിയോയാണ് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കിയത്.

0
277

ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ആശുപത്രിയിൽ ആണെന്ന വാർത്തകളെ തള്ളി ഇൻറലിജൻസ് റിപ്പോർട്ടുകൾ. വിഷം ഉള്ളിൽ ചെന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ ദാവൂദ് ചികിത്സ തേടി എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ തള്ളിക്കളയുകയാണ് ഇൻറലിജൻസ് വിഭാഗം.

ഒരു പാക്കിസ്ഥാന്‍ യൂട്യൂബര്‍ പങ്കുവെച്ച വീഡിയോയാണ് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കിയത്. ഇതിനെ പാകിസ്ഥാനിലെ പെട്ടെന്നുള്ള ഇന്റര്‍നെറ്റ് നിരോധനവുമായി ബന്ധപ്പെടുത്തിയായിരുന്നു വീഡിയോ. എന്നാല്‍ അധികൃതര്‍ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു.

ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ഉന്നത അധികാരികൾക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമേ ‌പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് കണ്ടെത്താൻ മുംബൈ പോലീസ് ശ്രമിക്കുന്നതായും സൂചനകൾ ലഭിച്ചു.

രണ്ടാം വിവാഹത്തിന് ശേഷം ദാവൂദ് കറാച്ചിയിൽ താമസിച്ചുവരികയാണെന്ന് സഹോദരി ഹസീന പാർക്കറുടെ മകൻ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.