കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും മഴ തുടരുന്നു ; തൂത്തുക്കുടിയിലേക്കുള്ള വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി, എറണാകുളം ജില്ലയിൽ യെല്ലോ അലേർട്ട്

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻഡിആർഎഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു.

0
198

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിതീവ്രമായ മഴ തുടരുകയാണ്. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ രാവിലെ എട്ടര മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴതുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. നാലു ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും രാമനാഥപുരം, വിരുദുനഗർ,തേനി ജില്ലകളിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻഡിആർഎഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു.

അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാക്കും എന്നാണ് പ്രവചനം. കൊമറിൻ മേഖലകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.