ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഈ മാസം 21നു ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ അന്നു ഹാജരായില്ല. ഇ ഡി നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലവുമാണെന്ന് വ്യക്തമാക്കിയാണ് വിട്ടുനിന്നത്.
കേസില്‍ എ എ പി മുതിര്‍ന്ന നേതാക്കളും കെജരിവാള്‍ മന്ത്രിസഭയിലെ മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇ ഡി ഓഫീസില്‍ കെജ്‌രിവാള്‍ ഹാജരാകുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഡല്‍ഹി പൊലീസ് ഒരുക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇ ഡി ഓഫീസ്,രാജ്ഘട്ട്, എ എ പി ഓഫീസ് എന്നിവയ്ക്ക് ചുറ്റും സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
കേസില്‍ ആറ് മാസം മുമ്പ് സി ബി ഐ കെജരിവാളിനെ ചോദ്യം ചെയ്തിരുന്നു. 2024 ലോക് സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ നിര ഇന്ത്യാ സംഖ്യ നേതാക്കളെ ലക്ഷ്യമിട്ട് ബി ജെ പി ഗൂഢാലോചന നടത്തുന്നതായും ഇതിന്റെ ഭാഗമായി കെജരിവാളിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും എ എ പി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇ ഡിയുടെ അന്വേഷണത്തില്‍ ഹാജരാകാത്തതിനെ കുറിച്ചോ മധ്യപ്രദേശിലേക്ക് പോകുന്നതിനെ കുറിച്ചോ കെജ്‌രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.