സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കൊവിഡ് ; ഒരു മരണം, കർശനമാക്കി ജാഗ്രത നിർദേശം

ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. ഇതോടെ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.

0
130

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. ഇതോടെ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.

തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ. വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോ​ഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

കൊവിഡ് ബാധിച്ച് രോ​ഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോ​ഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യ വിദ​ഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.