ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴ തുടരും

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

0
201

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഡിസംബർ 18 വരെ നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കുമാണ് സാധ്യത പ്രവചിക്കുന്നത്.

ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ എറണാകുളം ജില്ലയിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 19 വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു.