തോട്ടപ്പള്ളിയിൽ മണൽ നീക്കത്തിന് ഒരു സ്വകാര്യ കമ്പനിക്കും അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി

മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐഐടി യുടെ പഠനത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഉത്തരവ്.

0
225

കായംകുളം: ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളതെന്നും തോട്ടപ്പളളിയിൽ ഒരു സ്വകാര്യ കമ്പനിക്കും മണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് 2012-ല്‍ യുഡിഎഫ് ഭരണകാലത്താണ് ആദ്യം അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണല്‍ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു അനുമതി നല്‍കിയത്. മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐഐടി യുടെ പഠനത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഉത്തരവ്.

പുറക്കാട് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് മണല്‍ നീക്കം ചെയ്യാനാണ് ഐ ആര ഇ എല്ലിന് അനുമതി നല്‍കിയത്. എന്നാല്‍ പഞ്ചായത്തുമായി ധാരണയിലെത്താത്തതിനാല്‍ സർക്കാരിനായില്ല. എന്നാൽ യുഡിഎഫ് ഭരണകാലത്ത് തന്നെ വീണ്ടും തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രെഡ്ജ് ചെയ്ത് കൂട്ടിയിട്ട ധാതു കലര്‍ന്ന 46000 ക്യുബിക് മീറ്റര്‍ മണ്ണ് ഐ ആര്‍ ഇ എല്‍-ന് അനുവദിച്ചുനല്‍കിയിരുന്നു. പിന്നീട് 72000 ക്യുബിക് മീറ്റര്‍ മണല്‍ കൂടി വേണമെന്ന് ഐ ആര്‍ ഇ എല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അതും അനുവദിച്ചു. ഇതിന് പുറമെ ഐ ആര്‍ ഇ എല്‍ സ്വന്തം ചെലവില്‍ ഡ്രെഡ്ജിംഗ് നടത്തി സൂക്ഷിച്ചിരുന്ന 85000 ക്യുബിക് ലിറ്റര്‍ മണല്‍ കൂടി അവർക്ക് നല്‍കിയിട്ടുണ്ട്.

കുട്ടനാട്ടിലെ മഴക്കാലത്തുള്ള വെള്ളപ്പൊക്ക നിവാരണത്തിന് വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച എം എസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഐ ഐ ടി ചെന്നൈയുടെ പഠന റിപ്പോര്‍ട്ട് തുടങ്ങിയ പരിശോധിച്ചപ്പോൾ കുട്ടനാട്ടിലെ പ്രളയ ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളിയില്‍ മണല്‍ നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിച്ചു. തുടര്‍ന്ന് മണല്‍ നീക്കം ചെയ്യാന്‍ കെഎംഎംഎല്‍ ന് അനുമതി നല്‍കുകയായിരുന്നു. ഘനമീറ്ററിന് നിശ്ചയിച്ച 464 രൂപ 55 പൈസ എന്ന നിരക്ക് മൂന്ന് മാസത്തിനു 900 രൂപയായി പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്തു. ധാതുക്കള്‍ നീക്കം ചെയ്ത മണല്‍ കടല്‍ത്തീര സംരക്ഷണത്തിനായി നിശ്ചിത സ്ഥലങ്ങളില്‍ തിരികെ നിക്ഷേപിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതല്ലാതെ ഒരു സ്വകാര്യ കമ്പനികള്‍ക്കും ഇത്തരത്തില്‍ മണല്‍ നല്‍കുന്നില്ല.

തോട്ടപ്പള്ളി സ്പില്‍വേയുടെ സുഗമമായ ജലമൊഴുക്കിന് പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ ആര്‍ ഇ എല്‍-ന് അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.