സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, നാളെ രണ്ടിടത്ത് ഓറഞ്ച് അലര്‍ട്

കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

0
129

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കനക്കും. പുതുക്കോട്ട, ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 8 ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ചെന്നൈയിലെ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലായി കറുത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിന് പിന്നാലെയാണ് വീണ്ടും മഴ ഭീഷണിയാകുന്നത്.